ജിദ്ദ: വൈകാരികതക്കപ്പുറം വിവേകപൂർവ്വം യൌവ്വനത്തെ വിനിയോഗിക്കുമ്പോഴാണ് കാലാതിവർത്തിയായ ഫലങ്ങൾ ഉളവാക്കുകയെന്നും, ജീവിതത്തിൽ ഒരിക്കൽ മാത്രം കൈവരുന്ന സൗഭാഗ്യം കാര്യക്ഷമമായും ക്രിയാത്മകമായും വിനിയോഗിച്ച് യൌവ്വനത്തെ സർഗ്ഗാത്മകമാക്കാൻ യുവാക്കളെ ഇസ്മഈൽ മരിതേരി ആഹ്വാനം ചെയ്തു. ഫോക്കസ് സൌദി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ജിദ്ദ ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷണപ്രഭാചഞ്ചലമായ ലോകത്ത് ദ്രുതഗതിയിൽ ഓടികൊണ്ടിരിക്കുന്ന നൈമിഷിക ആഘോഷങ്ങൾക്ക് പിന്നാലെ ഓടി തളർന്ന് പരാജിതരാവുന്ന യുവത; കാലഹരണപെട്ടതെന്ന് പരിഹസിച്ചു തള്ളൂന്ന അടിസ്ഥാന ആശയങ്ങൾ നൽകുന്ന മൂല്യങ്ങൾ കാലാതിവർത്തിയാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങളെ പ്രത്യേകിച്ചും മതന്യൂനപക്ഷളെ തീവ്രവാദവൽക്കരിക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കുമ്പോൾ ഭരണകൂട ഭീകരതയ്ക്കും മത തീവ്രവാദത്തിനുമെതിരെ മതേതര കക്ഷികളോട് കൈകോർത്ത് കൊണ്ടുള്ള പോരാട്ടങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ബഷീർ വള്ളിക്കുന്ന് അഭിപ്രായപ്പെട്ടു.
ഓൺലൈൻ മെമ്പർഷിപ്പ് പോർട്ടൽ ഫോക്കസ് സൌദി മുഖ്യ ഉപദേശകൻ സലാഹ് കാരാടൻ ലോഞ്ച് ചെയ്തു. ഫോക്കസ് സൌദി സി.ഇ.ഒ. പ്രിൻസാദ് പാറായി ആദ്യ മെമ്പർഷിപ്പ് സ്വീകരിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ പ്രസിഡന്റ് മുഹമ്മദലി ചുണ്ടക്കാടൻ, എം എസ് എം മുൻ ജനറൽ സെക്രട്ടറി ഹാഫിസ് റഹ്മാൻ പുത്തൂർ, തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ഷക്കീൽ ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.എച്ച് അബ്ദുൽ ജലീൽ സ്വാഗതവും ഷറഫുദ്ധീൻ മേപ്പാടി നന്ദിയും രേഖപ്പെടുത്തി.