ജിദ്ദ: അമിതവ്യയം അകറ്റി നിർത്തി, ഭൗതികവിഭവങ്ങളുടെ സന്തുലിതമായ ലഭ്യത സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ “ലാ തുസ്രിഫൂ” എന്ന പ്രമേയത്തിൽ ഫോക്കസ് സൗദി സംഘടിപ്പിക്കുന്ന ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കമായി. ജിദ്ദ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ജിദ്ദ ഇസ്ലാമിക് എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഡയറക്ടർ ശൈഖ് ഹമൂദ് മുഹമ്മദ് അൽ ശിമംരി ഉദ്ഘാടനം ചെയ്തു.
ആഹാരമോ മറ്റ് ദൈനംദിന ആവശ്യങ്ങളോ നിറവേറ്റാന്‍ നിര്‍വാഹമില്ലാത്ത വലിയൊരു ജനവിഭാഗം ആഗോള തലത്തില്‍ നിലനില്‍ക്കേ നാം നമ്മുടെ ഉപഭോഗങ്ങളില്‍ അമിതത്വം വെടിഞ്ഞ് സൂക്ഷ്മത പാലിക്കേണ്ടത് പ്രകൃതി മതത്തിന്റെ നിര്ദ്ദേശമാണന്ന് അദ്ദേഹം ഉണര്‍ത്തി.

മധ്യമ നിലപാടില്‍ (വസത്ത്വിയ്യ) ഊന്നിയ സന്തുലിത ജീവിതം നായിക്കുന്നതിലൂടെ യഥാര്‍ത്ഥത്തിൽ സാമൂഹിക നീതിയാണ് നിര്‍വഹിക്കപ്പെടുന്നത് എന്ന് പ്രമേയ വിശദീകരണം നടത്തിയ, ഐ.എസ്.എം. ജനറല്‍ സെക്രട്ടറി ഡോ. ജാബിര്‍ അമാനി അഭിപ്രായപ്പെട്ടു. ഭക്ഷ്യസുരക്ഷാ നിയമം നിലനില്‍ക്കുന്ന ഇന്ത്യയില്‍ പോലും പട്ടിണി മരണങ്ങള് ആവര്‍ത്തിച്ച് കൊണ്ടിരിക്കെ നമ്മുടെ അടിസ്ഥാന കാര്യങ്ങളിലെങ്കിലും അമിതത്വം വെടിയാന്‍ നാം ബോധപൂര്‍വമായ ശ്രമം നടത്തേണ്ടതുണ്ട്. ലഘുവായ ഒരു ഭക്ഷണ പദാര്‍ത്ഥമോ ഒരു ഗ്ലാസ് പാനീയമോ പാഴാക്കി കളയുക വഴി കേവലം ആ വസ്തു മാത്രമല്ല, മറിച്ച് അവ രൂപപെട്ടുവരാ൯ കാരണമാകുന്ന മഴ വെള്ളം, അദ്ധ്വാനം, സമ്പത്ത് എന്നിവ കൂടി നഷ്ടപ്പെടുന്നുണ്ട് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഓരോ കര്‍മങ്ങള്‍ക്കും നീതിയുക്തമായി നിജപെടുത്തിയ സമയത്തെക്കാള്‍ ഉപയോഗിക്കുന്നത് സമയവിനിയോഗത്തിലെ അമിതത്വമാണ്. വ്യക്തി ജീവിതത്തിലെ മിതവ്യയം ആപേക്ഷികമെന്നിരിക്കെ മതം വരച്ച അതിര്‍ത്തികളും നന്മകളിലെ മാത്സര്യ ചിന്തകളും സമം ചേരുമ്പോഴാണ് പുതുമയുള്ള ജീവിതം രൂപപ്പെടുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
“ലാ തുസ്രിഫൂ കാമ്പയിന് ലോഗോ” പ്രകാശനം ഷെയ്ഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി നിര്‍വഹിച്ചു. കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. ഇസ്മയില്‍ മരിതേരി പ്രമേയത്തെ ആസ്പദമാക്കി പ്രസന്റേഷന് അവതരിപ്പിച്ചു. നാസര്‍ വെളിയംകോട് (SIGN ജിദ്ദാ ചാപ്റ്റര്‍), അഡ്വ. ശംസുദ്ധീന്‍ ( IISJ മാനേജിംഗ് കമ്മറ്റി), ഷെരീഫ് സാഗര്‍ (മീഡിയ), മുഹമ്മദലി ചുണ്ടക്കാടന്‍ (ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), ഫബീല നവാസ് (ഇന്ത്യന്‍ വിമന്‍സ് ഓര്ഗനൈസേഷന്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഫോക്കസ് സൗദി ക്വാളിറ്റി കണ്ട്രോളര് ബാസില്‍ അബ്ദുല്‍ ഗനി പരിപാടി നിയന്ത്രിച്ചു. ഫോക്കസ് സൗദി ഫിനാന്‍സ് മാനേജര്‍ സി എച്ച് അബ്ദുല്‍ ജലീല്‍ നന്ദി പറഞ്ഞു.