“ലാ തുസ്രിഫൂ” ഫോക്കസ് സൗദി കാമ്പയ്ൻ പ്രവർത്തനങ്ങൾ ഊർജ്ജിതമായി

ദമ്മാം: മിതവ്യയം സംസ്ക്കാരമായാൽ ജീവിതം ധന്യമായി. അമിതവ്യയം അരുതെന്ന ബോധവൽക്കരണത്തിന് വേണ്ടി  വിശുദ്ധ ഖുർആൻ സൂചിപ്പിച്ച ലാ തുസ്രിഫൂ എന്ന പദം തന്നെ തെരഞ്ഞെടുത്ത ഫോക്കസ് എന്തുകൊണ്ടും അഭിനന്ദനമർഹിക്കുന്നു. ഈ ഭൂമിയുടെ അവകാശികൾ നാം മാത്രമല്ല. ഇതര സൃഷ്ടിജാലങ്ങൾക്കും  വരും തലമുറക്കും അവകാശങ്ങൾ വകവെച്ച് നൽകാൻ നാം തയ്യാറാകണം. വെള്ളം, വീട്, വാഹനം,വസ്ത്രം, സൽക്കാരങ്ങൾ,ആഘോഷങ്ങൾ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും മധ്യമ നിലപാട് സ്വീകരിക്കുവാനാണ് ദൈവം ഉദ്ഘോഷിച്ചത് എന്നതിനാൽ, ആഡംബരവും ധൂർത്തും വെടിഞ്ഞ് മിത വ്യയ  ജീവിതം നയിക്കാൻ നാം സൂഷ്മത കാണിക്കണമെന്ന് സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റെർ ജനറൽ സെക്രട്ടറി  കെ വി അബ്ദുൽ മജീദ് ചുങ്കത്തറ ആഹ്വാനം ചെയ്തു . ഫോക്കസ് സൗദിയുടെ “ലാ തുസ്രിഫൂ” ത്രൈ മാസ കാമ്പയ്ൻ പ്രവർത്തനങ്ങളുടെ ഭാഗമായി ദമ്മാം ചാപ്റ്റർ സം‌ഘടിപ്പിച്ച ‘സാമ്പത്തിക അച്ചടക്കം നല്ല നാളേക്ക്’ ചർച്ചാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 സാമ്പത്തിക വിദഗ്ധനും ലോക കേരള സഭാ അംഗവുമായ ആൽബിൻ ജോസഫ് ചർച്ചക്ക് നേതൃത്വം നൽകി . സദസ്യരുമായി അദ്ദേഹം സംവദിച്ചു. സ്വർണ്ണം ഡെഡ് മണിയായി വീടുകളിലും ലോക്കറുകളിലും കുമിഞ്ഞുകൂട്ടി വെക്കുന്നത് അവിവേകമാണ്. വലിയ വീടും പൊങ്ങച്ചത്തിനു അമിതപർച്ചേസിങ്ങുമൊക്കെ  പ്രവാസികൾ മാറിയ സാഹചര്യത്തിലെങ്കിലും ഉപേക്ഷിച്ച്, നാട്ടിൽ ചെറിയ ഗ്രൂപ്പുകൾ രൂപീകരിച്ച് സൊസൈറ്റി മാതൃകയിൽ ടൂറിസം, ചെറുകിട ബിസ്നസ്സുകൾ തുടങ്ങിയവയിൽ പണം നിക്ഷേപിക്കാൻ തയ്യാറാവണം. ആവശ്യങ്ങളിൽ നിന്ന് അത്യാവശ്യങ്ങളെ തിരിച്ചറിഞ്ഞ് മാത്രം പണം ചിലവഴിച്ച് ഉള്ളതിൽ നിന്ന് മിച്ചം വെക്കുവാൻ പ്രവാസി ശീലിക്കണം. വീട്ടുകാരെ അതിനു പ്രേരിപ്പിക്കണം. ദുരഭിമാനം വെടിഞ്ഞ് നമ്മുടെ വരവ് എത്രയാണെന്ന് ഭാര്യയോടും മക്കളോടും പങ്ക് വെക്കുവാൻ ഇനിയെങ്കിലും നാം തയ്യാറാകണമെന്നും ആൽബിൻ ജോസഫ് പ്രവാസിസമൂഹത്തെ ഉണർത്തി.
ഫോക്കസ് സൗദി നാഷണൽ സി ഇ ഒ ശബീർ വെള്ളാടത്ത് കാമ്പയ്ൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ലാ തുസ്രിഫൂ സന്ദേശ പ്രചാരണങ്ങൾക്ക് ശക്തി പകരാൻ കാമ്പയ്ൻ പ്രമേയത്തെ ആസ്പദമാക്കി  പത്ത് മിനിട്ടിൽ കവിയാത്ത ഷോട് ഫിലിം മത്സരം ഫോക്കസ് സംഘടിപ്പിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ഇംഗ്ലീഷ് , അറബി, മലയാളം ഭാഷകളിലൊന്നിലായിരിക്കണം ഹൃസ്വചിത്രമൊരുക്കേണ്ടത് . എൻഡ്രികൾ ഫെബ്രുവരി 20 വരേ സ്വീകരിക്കും.അഫീഫ പൂനൂർ രചിച്ച കാമ്പയ്ൻ ഗാനം സുബൈർ തൃക്കളയൂർ ആലപിച്ചു. എക്കോ ഫോക്കസ് കൺവീനർ അബ്ദുസ്സലാം എൻ പി സ്വാഗതം പറഞ്ഞു. ഫോക്കസ് ദമ്മാം സി ഇ ഒ അൻസാർ കടലുണ്ടി അധ്യക്ഷനായിരുന്നു. അശ്റഫ് കക്കോവ് ഖിറാഅത്തും, സി ഒ ഒ അബ്ദുല്ല തൊടിക നന്ദിയും പറഞ്ഞു. ലോക കേരള സഭാംഗമായി തെരഞ്ഞെടുത്ത ആൽബിൻ ജോസഫിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

Add Comment