യഥാർത്ഥ രാജ്യസ്നേഹം അസഹിഷ്ണുതക്കെതിരേ ഉള്ള പോരാട്ടം:- ഫോക്കസ് സൗദി യൂത്ത് സമ്മിറ്റ്

അസഹിഷ്ണുതക്കും അക്രമത്തിനുമെതിരെ നിയമപരവും, ജനാധിപത്യപരവും ധിഷിണാപരവുമായ ചെറുത്ത്നിൽപ്പാണ് യഥാർത്ഥ രാജ്യസ്നേഹമെന്ന് ഫോക്കസ് സൗദി ദേശീയ കൗൺസിൽ പ്രമേയത്തിൽ അഭിപ്രായപ്പെട്ടു.
ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം, ജനാധിപത്യം തുടങ്ങിയ മൂല്യബോധങ്ങളെ പാടെ നിരാകരിച്ചു കൊണ്ട് ഫാസിസവും ഏകാധിപത്യവും രാജ്യത്തെ ഗ്രസിച്ചു കൊണ്ടിരിക്കുകയാണ്. യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ പ്രത്യേകമതവിഭാഗങ്ങൾക്ക് വേണ്ടി സംവരണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന, ദളിതുകൾ, ന്യൂനപക്ഷങ്ങൾ തുടങ്ങിയവർ അനുദിനം പാർശ്വവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഭീതി ജനകമായ വർത്തമാന സാഹചര്യത്തിൽ ജനാധിപത്യമതേതര വിശ്വാസികൾ ഒരുമിച്ച് നിൽക്കുകയും ഫാസിസത്തിന് എതിരെ ശകതമായ പ്രതിരോധം തീർക്കുകയും വേണം. സ്വാതന്ത്രാനന്തരം രാജ്യത്തിന്റെ പതാക ,ദേശീയ ഗാനം തുടിങ്ങിയ ചിഹ്നങ്ങളെ തള്ളി പറഞ്ഞിരുന്നവർ പൊടുന്നനെ രാജ്യസ്നേഹത്തിന്റെ മൊത്തകുത്തകവകാശം ഏറ്റെടുക്കാൻ ശ്രമിക്കുന്നത് സദ്ദുദേശപരമല്ല. ഭരണഘടന അനുവദിച്ചു നൽകിയ അവകാശങ്ങളിൽ ഊന്നിക്കൊണ്ട് പ്രബോധനപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എം. എം.അക്‌ബർ, സാകിർ നായിക് തുടങ്ങിയ മതപണ്ഡിതന്മാരെയും, നോട്ട് നിരോധനത്തെ എതിർത്ത് സംസാരിച്ചതിന്റെ പേരിൽ മലയാളക്കരയുടെ സാഹിത്യക്കാരൻ എം.ടി യെയും, ഫാസിസത്തിന്റെ ഉടുക്കാത്ത ഭ്രാന്തിനെതിരെ പ്രതികരിക്കുന്ന സാംസ്കാരിക നായകന്മാരെയും രാജ്യദ്രോഹികളാക്കി ചിത്രീകരിക്കുന്നതിനെതിരെ രാജ്യത്തെ പൗരബോധമുള്ള യുവജനത പ്രതികരിക്കണം. തീൻ മേശയിലൂടെ കടന്നു വന്ന് കുപ്പായ കീശയിൽ പിടിമുറുക്കി കൊണ്ടിരിക്കുന്ന ഈ മഹാവിപത്തിനെതിരെ സൗകര്യപൂർവ്വമായ മൗനം പോലും മാപ്പില്ലാത്ത അവിവേകമായി മാറുമെന്നും പ്രമേയത്തിൽ പറഞ്ഞു.

സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഫോക്കസ് ചാപ്റ്ററുകളെ പ്രതിനിധീകരിച്ചു നൂറോളം പ്രവർത്തകരാണ് പരിപാടിയിൽ പങ്കെടുത്തത്. ഫോക്കസ് സൗദി സി.ഇ. ഒ പ്രിൻസാദ് പാറായി അധ്യക്ഷത വഹിച്ച യോഗം സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റെർ(റിയാദ്) ജനറൽ സെക്രട്ടറി സാജിദ് കൊച്ചി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി പ്രമുഖ എഴുത്തുകാരൻ ഷൈജു എം സൈനുദ്ധീൻ, ജുബൈൽ ഇസ്ലാഹി സെന്റര് പ്രബോധകൻ ഹാഫിസ് മദനി പുത്തൂർ, ഫോക്കസ് സൗദി ദേശീയ ഉപദേശക സമിതി ചെയർമാൻ യൂസഫ് കൊടിഞ്ഞി തുടങ്ങിയവർ പ്രവർത്തകർക്കായി ക്ലാസുകൾ എടുത്തു. നാഷണൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഫോക്കസ് സൗദി അഡ്മിൻ മാനേജർ മുഹമ്മദ് മടവൂർ, വിവിധ ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് അബ്ദുളള പി.കെ(ദമ്മാം), മുഹമ്മദ് റാഫി(അൽകോബാർ), റഷീദ് കൈപ്പാക്കിൽ(ജുബൈൽ),ഷഫീഖ് കൂടാളി(റിയാദ്), ഗഫൂർ എടക്കര(ജിദ്ധ), ബഷീർ പുത്തനത്താണി(മക്ക), അഫീഫ് തസ്ലിം(ബുറൈദ), സഹീർ ബാബു(അൽ അഹ്സ), സത്താർ പാറക്കണ്ടി(ഖമീസ് മുഷൈത്ത്) എന്നിവർ പ്രവർത്തന റിപ്പോർട്ടും, ജരീർ വേങ്ങര ഫോക്കസ് സൗദിയുടെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഫോക്കസ് സൗദി സി.ഒ.ഒ ഷബീർ വെള്ളാടത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ സെക്രട്ടറിയേറ്റ് അംഗം ബഷീർ പുത്തനത്താണി നന്ദി രേഖപ്പെടുത്തി.