Focus Love & Care Campaign Inaugurated

റിയാദ്: ഇന്ത്യയുടെ അസ്തിത്വം ബഹുസ്വരതയിലും സംസ്കാര വൈവിധ്യങ്ങളിലും അധിഷ്ഠിതമാണ്. അത്തരം വൈവിധ്യങ്ങളെ സമ്പന്നമാക്കിയ സഹിഷ്ണുതയുടെ പാരമ്പര്യം അസഹിഷ്ണുതയുടെ അതിരുകളിലേക്ക്  രൂപം മാറുന്ന ദുരവസ്ഥയാണ് വർത്തമാന ഇന്ത്യയുടെതെന്നും, പരസ്പരധാരണയും വിശ്വാസവും വീണ്ടെടുക്കുന്നതിലൂടെ മാത്രമെ സമൂഹത്തിന് മുന്നോട്ട് ഗമിക്കാനാവൂ എന്നും ഫോക്കസ് ക്യാമ്പയിൻ ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെ ട്ടു.

മനുഷ്യ സൗഹാർദ്ദങ്ങൾക്കും സേവന പ്രവർത്തനങ്ങൾക്കും വിശുദ്ധ ഗ്രന്ഥവും പ്രവാചകാധ്യപനങ്ങളും  അതിരുകൾ നിശ്ചയിക്കാതിരിക്കെ, കാലത്തിന്റെ ഭാഷയിൽ സംവേദനം നടത്താൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന്  ‘മാനവികതയുടെ വീണ്ടെടുപ്പിന് അതിരുകളില്ലാത്ത സ്നേഹം’ എന്ന ത്രൈമാസ  ക്യാമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഡോ. ഹുസൈൻ മടവൂർ ആഹ്വാനം ചെയ്തു.

മനുഷ്യകുലത്തിനാകെ ദൈവം ആദരിച്ചിരിക്കെ വൈജാത്യങ്ങളെ പരസ്പരം അംഗീകരിച്ചുകൊണ്ട് സൗഹൃദങ്ങൾ കെട്ടിപടുക്കുവാൻ ശ്രമിക്കണമെന്ന് ചന്ദ്രിക  മിഡിലീസ്റ്റ്  കോർഡിനേറ്റർ ഹമീദ് വാണിമേൽ ക്യാമ്പയിൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു കൊണ്ട് അഭിപ്രായപ്പെട്ടു.

സ്നേഹം തന്നിലേക്ക് ചുരുക്കുന്നവരുടെ ബാലൻസ് ഷീറ്റ് ആത്യന്തികമായി നഷ്ടം മാത്രമാണെന്നും പ്രകൃതി വിഭവങ്ങൾ മനുഷ്യരെപ്പോലെ തന്നെ എല്ലാ ജീവജാലങ്ങൾക്കും  അവകാശപ്പെട്ടതാണെന്ന തിരിച്ചറിവ് പ്രധാനമാണെന്നും പ്രമുഖ ബ്ലോഗറും സാമൂഹ്യ വിമർശകനുമായ ബഷീർ വള്ളിക്കുന്ന് ഓർമ്മിപ്പിച്ചു.

രാഷ്ടീയ സംഘടനകൾക്കൊപ്പം മത ചിഹ്നങ്ങൾ കൂടി വാണിജ്യ വത്ക്കരിക്കപ്പെട്ടുകെണ്ടിരിക്കുന്ന സഹചര്യത്തിൽ അതത് സമൂഹത്തിലെ തിരുത്തൽ ശക്തിയാവാൻ യുവജനങ്ങൾക്കാവണമെന്ന്  ആർ മുരളീധരൻ (റിഫ) പറഞ്ഞു.

ഫോക്കസ് സൌദി സി.ഇ.ഒ പ്രിൻസാദ് പാറായി ആദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ  സൌദി ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് സലാഹ് കാരാടൻ, അഷ്റഫ് മരുത (റിയാദ്), അബൂ ഹുറൈറ, തുടങ്ങിയവർ ആശംസകളർപ്പിച്ചു.  മുഹമ്മദ് മടവൂർ  പ്രവർത്തന റിപ്പോർട്ടും ജരീർ വേങ്ങര ഫോക്കസ് ഇന്നലകളിൽ എന്ന പ്രസന്റേഷനും അവതരിപ്പിച്ചു ബാസിൽ അബ്ദുൽ ഗനി ഖുർ ആൻ പാ‍രായണവും അബ്ദുല്ല ദമ്മാം ക്യാമ്പയിൻ തീം കവിതാലാപനവും നിർവ്വഹിച്ചു.  ഫോക്കസ് സൌദി സി.ഒ.ഒ ഷബീർ വെള്ളാടത്ത് സ്വാഗതവും ഫോക്കസ് റിയാദ് സി.ഒ.ഒ ഷഫീഖ് നന്ദിയും രേഖപ്പെടുത്തി.