ഫോക്കസ് സൗദിയുടെ “ലാ തുസ്‌രിഫൂ” ത്രൈ മാസ കാമ്പയ്ന് ദമ്മാമിൽ തുടക്കമായി

ദമ്മാം: ഈ ഭൂമിയിൽ മനുഷ്യനെപ്പോലെത്തന്നെ സർവ്വ ചരാചരങ്ങൾക്കും അതിന്റേതായ അവകാശങ്ങളുണ്ട്. ഓരോന്നിനും നാം അത് വകവെച്ച് കൊടുക്കണം. ഇന്നിന്റെ വിഭവങ്ങൾ വരും തലമുറക്കുകൂടി അവകാശപ്പെട്ടതാണെന്ന് നാം മറന്ന് കൂടാ. പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നതിലെ അമിതവ്യയം പോലെത്തന്നെ ജീവിതത്തിൽ സൂഷ്മത പാലിക്കേണ്ട സുപ്രധാന മേഖലയാണ് നമ്മുടെ തീൻമേശകൾ. ലോകത്ത് ഏഴിൽ ഒരാൾ വീതം പട്ടിണി കിടക്കുമ്പോൾ പ്രതിവർഷം 130 കോടി ടൺ ഭക്ഷണമാണ് ദുർവ്യയത്തിലൂടെ കുപ്പത്തൊട്ടിലിൽ എത്തുന്നത്. പാഴാക്കിക്കളയുന്ന ഓരോ വറ്റിനും നാം കണക്ക് പറയേണ്ടി വരുമെന്ന് കമ്പയ്ൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ഫോക്കസ് സൗദി നാഷണൽ സി ഇ ഒ ശബീർ വെള്ളാടത്ത് പറഞ്ഞു.

അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിങ്ങനെ നമ്മുടെ ഓരോ ആവശ്യങ്ങളേയും വേർതിരിക്കുവാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. നാം ഉണ്ടാക്കുന്ന വീട്, വാഹനം, വസ്ത്രങ്ങൾ, ആഘോഷ സൽക്കാരങ്ങൾ തുടങ്ങിയവക്കൊക്കൊ ദുർവ്യയത്തിന്റേ പരിധിയിലെത്തിയിട്ടില്ലെന്ന് ഉറപ്പ് വരുത്തുവാൻ നമുക്ക് സാധിക്കണം. പ്രവാസം ചോദ്യ ചിഹ്നമായ ഈ സാഹചര്യത്തിൽ ജീവിത അച്ചടക്കം പ്രവാസി കുടുംബങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ള അമിതവ്യയങ്ങൾക്കെതിരെ സൗദിയിലെ പൊതു ജനങ്ങളെ ബോധവാൻമാരാക്കുവാൻ ഫോക്കസ് സൗദി 2017 ഡിസംബർ മുതൽ 2018 ഫെബ്രുവരി വരേ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.
ദമ്മാമിലെ ഉമ്മുസാഹിഖിൽ വെച്ച് നടന്ന ഉദ്ഘാടന സംഗമത്തിൽ ദമ്മാം ഫോക്കസ് സി ഇ ഒ അൻസാർ കടലുണ്ടി, സി ഒ ഒ അബ്ദുള്ള തൊടിക പ്രസംഗിച്ചു. അൻഷാദ് കാവിൽ സ്വാഗതവും, മുജീബ് റഹ്മാൻ കുഴിപ്പുറം നന്ദിയും പറഞ്ഞു. ഷിയാസ്, ഫവാസ്, അസ്ലം നേതൃത്വം നൽകി.

Add Comment